ആശുപത്രികളിലും വീടുകളിലും ഒളിക്യാമറ വെച്ച് 874 പേരുടെ ദൃശ്യങ്ങൾ പകർത്തി; മെൽബണിലെ മുൻ ട്രെയിനി സർജൻ കസ്റ്റഡിയിൽ

മെൽബൺ: മെൽബണിലെ മൂന്ന് പ്രമുഖ ആശുപത്രികളിലും സ്വകാര്യ വസതികളിലുമായി 874 പേരുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ മുൻ ട്രെയിനി സർജൻ റയാൻ ചോയെ (29) കോടതി കസ്റ്റഡിയിലെടുത്തു. ഒരു വർഷത്തിലേറെയായി ജാമ്യത്തിലായിരുന്ന ഇയാളെ മൂന്ന് ദിവസം നീണ്ടുനിന്ന വാദം കേൾക്കലിന് (Plea hearing) ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. ഇരകളായവരിൽ എട്ടും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.

പ്രതിക്കെതിരെ ചുമത്തിയിരുന്ന തൊള്ളായിരത്തിലധികം കുറ്റങ്ങൾ, കുറ്റസമ്മത കരാറിന്റെ അടിസ്ഥാനത്തിൽ 13 കുറ്റങ്ങളായി ഏകീകരിച്ചിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തൽ, കുട്ടികൾക്കെതിരായ അതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് സമാനമായ ലൈംഗിക കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കാനുള്ള സാധ്യത മിതമായത് മുതൽ ഉയർന്ന തോതിൽ വരെയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

കേസിൽ 2027 ഫെബ്രുവരി 12-നാണ് ശിക്ഷ വിധിക്കുക. തടവുശിക്ഷ അനുഭവിച്ച ശേഷം ഇയാളെ സിംഗപ്പൂരിലേക്ക് നാടുകടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിയുടെ പ്രവൃത്തികൾ ഇരകളിൽ ആഴത്തിലുള്ള മാനസിക ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സംഭവത്തെത്തുടർന്ന് ഇരകളായവരിൽ ചിലർ തങ്ങളുടെ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *