ഒന്നിച്ചോണം മാവേലിക്കൊപ്പം; ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രമുഖ ചാരിറ്റി മ്യൂസിക് സംഘടനയായ ‘പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും’ കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സുമായി ചേർന്ന് ‘ഒന്നിച്ചോണം മാവേലിക്കൊപ്പം’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

രാവിലെ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ താരം സിനി കോലത്തുകര വലിയ അത്തപ്പൂക്കളത്തിൽ തിരി തെളിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖി ഓണസന്ദേശം നൽകുകയും കവിതകൾ ആലപിക്കുകയും ചെയ്തു. മജീഷ്യൻ മനു പൂജപ്പുര മാന്ത്രിക പ്രകടനം നടത്തി ആശംസകൾ നേർന്നു. പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ, സെക്രട്ടറിമാരായ നയാസ് ഇല്യാസ്, ഷിബു, വാനമ്പാടികൾ സെക്രട്ടറി സരിത പൈ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ-കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബാബാ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര-നാടക സംവിധായകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടറുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ അലോഷ്യസ് പെരേര, പ്രമീള, പന്തളം ബാലൻ മ്യൂസിക് അക്കാദമി ഡയറക്ടർ ലക്ഷ്മി ബാലൻ, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ, അഡ്വ. സുനിൽ മണക്കാട് എന്നിവർ പ്രസംഗിച്ചു.

മാവേലിയുടെ സാന്നിധ്യത്തോടൊപ്പം ഓണക്കളികൾ, വടംവലി മത്സരം, സൗജന്യ കരോക്കെ ഗാനമേള, മലയാളി മങ്ക മത്സരം, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഓർക്കെസ്ട്ര ഗാനമേള എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *