പെർത്ത്: ഔദ്യോഗിക യാത്രാവേളയിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ സീനിയർ മാനേജർക്ക് അനുകൂലമായി കോടതിയിൽ സ്വഭാവ സാക്ഷ്യപത്രം നൽകിയ മൂന്ന് ജീവനക്കാരെ വെസ്റ്റേൺ പവർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിഷയം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര ബാഹ്യ അന്വേഷണത്തിനൊടുവിലാണ് നടപടി.
2024-ൽ നടന്ന ഔദ്യോഗിക യാത്രയ്ക്കിടെ ലഹരിയിലായിരുന്ന വനിതാ സഹപ്രവർത്തകയെ നാല് തവണ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വെസ്റ്റേൺ പവറിലെ മുൻ സീനിയർ മാനേജരായ ജെഫ്രി ഡേവിഡ് സ്പിന്നറെ (59) കോടതി അഞ്ചുവർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ വിധി പ്രസ്താവിക്കുന്ന വേളയിൽ പ്രതിക്ക് അനുകൂലമായി ലഭിച്ച എട്ട് സദ്സ്വഭാവ സാക്ഷ്യപത്രങ്ങൾ കോടതി പരിഗണിച്ചിരുന്നു. സ്പിന്നറുടെ പ്രവൃത്തി അദ്ദേഹത്തിന്റെ സ്വാഭാവിക സ്വഭാവത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ സർട്ടിഫിക്കറ്റുകൾ.
എന്നാൽ, ജീവനക്കാരുടെ ഈ നടപടി സ്ഥാപനത്തിന്റെ മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് വെസ്റ്റേൺ പവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വഭാവ സാക്ഷ്യപത്രം നൽകിയ മൂന്ന് ജീവനക്കാരെ പുറത്താക്കാൻ തീരുമാനിച്ചത്.
ഈ സംഭവത്തെത്തുടർന്നുണ്ടായ കടുത്ത ജനരോഷം വെസ്റ്റേൺ ഓസ്ട്രേലിയൻ പാർലമെന്റിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നതിനായി ഇത്തരം സ്വഭാവ സാക്ഷ്യപത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കർശന നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുകയാണ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ മാത്രം ഉദ്ദേശിച്ചിരുന്ന ഈ നിയമ പരിഷ്കാരം, സ്പിന്നർ കേസിനെതിരെയുള്ള ശക്തമായ പൊതുജന പ്രതിഷേധത്തെ തുടർന്നാണ് മറ്റ് ക്രിമിനൽ കേസുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

