ക്ലിഫ് ഹൗസിലേക്ക് താമസം മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ; ഗൃഹപ്രവേശം വ്യാഴാഴ്ച രാവിലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും, അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനെ തുടർന്ന് വി.ഡി. സതീശൻ ഔദ്യോഗിക വസതിയിലേക്ക് മാറുന്നത് വൈകുകയായിരുന്നു.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിലും വി.ഡി. സതീശൻ താമസിച്ചുവരുന്നത്. മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസ് ഒഴിയാത്തതിനാൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് അങ്ങോട്ട് താമസം മാറാൻ സാധിച്ചിരുന്നില്ല. ഔദ്യോഗിക വസതി ലഭിക്കുന്നതിലുണ്ടായ ഈ കാലതാമസത്തിലുള്ള അതൃപ്തി പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നന്ദൻകോട്ട് 6 ഏക്കർ 25 സെന്റിലായി പരന്നുകിടക്കുന്ന 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ മന്ദിരമാണ് ക്ലിഫ് ഹൗസ്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇവിടെ നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. ക്ലിഫ് ഹൗസിലെ പണികൾ ഇനിയും പൂർണ്ണമായും തീർന്നിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. എങ്കിലും കൂടുതൽ വൈകിപ്പിക്കാതെ മുഖ്യമന്ത്രി വ്യാഴാഴ്ച തന്നെ പുതിയ വസതിയിലേക്ക് പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *