വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വത്തിനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് കനത്ത പ്രഹരമേകി അപേക്ഷാ ഫീസുകൾ 80 ശതമാനം വരെ വർദ്ധിപ്പിക്കാൻ യു.എസ് സർക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച പുതിയ നിർദ്ദേശം സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ചു.
പുതിയ നിർദ്ദേശപ്രകാരം യു.എസ് പൗരത്വത്തിനായി ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള ഫീസ് 710 യു.എസ് ഡോളറിൽ നിന്നും 1,280 ഡോളറായി ഉയരും. പേപ്പർ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഫീസ് 760 ഡോളറിൽ നിന്നും 1,330 ഡോളറായും വർദ്ധിക്കും. പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടതിനെതിരെ അപ്പീൽ നൽകുന്നവർക്കുള്ള ഫീസിലും വൻ വർദ്ധനവാണ് നിർദ്ദേശിച്ചിട്ടുള്ളത്.
അപേക്ഷകരുടെ വിപുലമായ സ്ക്രീനിംഗിനും മറ്റ് പ്രോസസിംഗ് ആവശ്യങ്ങൾക്കുമായി വരുന്ന അധികച്ചെലവ് കണ്ടെത്തുന്നതിനാണ് ഈ ഫീസ് വർദ്ധനവെന്നാണ് യു.എസ് സർക്കാരിന്റെ വിശദീകരണം. നിലവിൽ പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശം ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. എങ്കിലും ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വന്നാൽ അത് പതിനായിരക്കണക്കിന് അപേക്ഷകരെ പ്രതികൂലമായി ബാധിക്കും.

