ന്യൂഡൽഹി:സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച് രാജ്യത്ത് വലിയ തരംഗമായി മാറിയ ജനകീയ പ്രസ്ഥാനമായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുന്നു. ഉള്ളി വിലവർദ്ധനവ് ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉന്നയിച്ചാണ് ഇവർ പ്രതിഷേധ രംഗത്തിറങ്ങുന്നത്. എന്നാൽ, ഇത്തരം പ്രതിഷേധങ്ങൾക്ക് മുന്നിൽ സർക്കാർ ഒളിച്ചോടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ഈ കൂട്ടായ്മ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെപ്പോലും അമ്പരപ്പിച്ചിരുന്നു. നിലവിൽ ഓൺലൈൻ പ്രതിഷേധങ്ങളിൽ നിന്ന് മാറി കോക്രോച്ച് വേഷങ്ങൾ ധരിച്ച് വോളന്റിയർമാർ തെരുവുകളിൽ നേരിട്ടുള്ള ജനകീയ പ്രതിഷേധങ്ങളിലേക്ക് ഇറങ്ങുകയാണ്.പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള വളർച്ചയെയും പ്രതിഷേധങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ജനാധിപത്യത്തിൽ ഏത് തരത്തിലുള്ള വിയോജിപ്പുകളും അഭിപ്രായ പ്രകടനങ്ങളും സ്വാഗതാർഹമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യാതൊരുവിധ സെൻസർഷിപ്പുകളും ഇല്ലാതെ തുറന്ന ചർച്ചകൾ നടക്കുന്നത് ജനാധിപത്യത്തിന്റെ ഭംഗിയാണെന്നും, ഉയർന്നുവരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഈ കൂട്ടായ്മയ്ക്ക് പിന്നിൽ വിദേശ ശക്തികളുടെയോ പാകിസ്ഥാന്റെയോ പിന്തുണയുണ്ടെന്ന തരത്തിൽ ഉയർന്ന ഭരണപക്ഷ ആരോപണങ്ങളെ കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ നിഷേധിച്ചിരുന്നു. തങ്ങളുടെ ഫോളോവേഴ്സിൽ 94 ശതമാനവും ഇന്ത്യക്കാരാണെന്ന അനലിറ്റിക്സ് വിവരങ്ങൾ പുറത്തുവിട്ടാണ് അവർ ഈ ആരോപണങ്ങളെ പ്രതിരോധിച്ചത്. നിലവിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ യുവജനങ്ങളുടെ പങ്കാളിത്തം വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

