മണ്ഡല പുനർനിർണയ ബിൽ: പ്രതിപക്ഷത്തെ ഒപ്പം നിർത്താൻ തന്ത്രപരമായ നീക്കവുമായി കേന്ദ്രം; ഡി.എം.കെ.യുടെ സഹായം തേടി

ന്യൂഡൽഹി:ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ബില്ലിന്മേൽ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ.യുടെ സഹായം തേടി കേന്ദ്ര സർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട്, 1971-ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർണായക നിർദേശമാണ് കേന്ദ്രം ഡി.എം.കെ.ക്ക് മുന്നിൽ വെച്ചിട്ടുള്ളത്. പ്രതിപക്ഷവുമായി ഈ വിഷയത്തിൽ ഒരു സമവായത്തിലെത്താൻ സാധിച്ചാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

ഡി.എം.കെ.ക്ക് പുറമേ, തൃണമൂൽ കോൺഗ്രസിലെ വിമത എം.പി.മാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഈ വിഷയം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. തൃണമൂലിലെ വിമത ക്യാമ്പുമായി കേന്ദ്രം ഇതിനകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകളിൽ പങ്കെടുത്ത പല എം.പി.മാരും കേന്ദ്രത്തിന്റെ ഈ നിർദേശത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വരാനിരിക്കുന്ന സമ്മേളനത്തിൽ മണ്ഡല പുനർനിർണയം, വനിതാ സംവരണ ബില്ലുകൾ എന്നിവയ്ക്ക് പുറമേ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലും കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ടിരുന്നു. അന്ന് ലോക്സഭയിൽ 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ബിൽ പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ 298 അംഗങ്ങൾ മാത്രമാണ് ബില്ലിനെ അുകൂലിച്ചത്; 230 അംഗങ്ങൾ എതിർത്തു വോട്ട് ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനായി പ്രതിപക്ഷ നിരയിലെ പ്രാദേശിക കക്ഷികളെയും വിമതരെയും ഒപ്പം നിർത്താൻ കേന്ദ്രം തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *