ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില കുത്തനെ ഉയർന്നിട്ടും, ഇന്ത്യയിൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഗാർഹിക പാചകവാതകം ലഭ്യമാക്കുന്നതെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സിലിണ്ടർ വില അയൽരാജ്യങ്ങളേക്കാൾ വളരെ കുറവാണെന്നും യുഎസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിലെ വിലയേക്കാൾ താഴെയാണെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ) ഗുണഭോക്താക്കൾക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് സർക്കാർ ഉറപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വർഷത്തിൽ ആദ്യത്തെ നാല് റീഫില്ലുകൾക്ക് മുന്നൂറ് രൂപ വീതം നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതോടെ ഇവർക്ക് 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് 642 രൂപ മാത്രമാണ് നൽകേണ്ടി വരുന്നത്.
അതേസമയം, വിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽ.പി.ജി പാചകവാതക സിലിണ്ടറിന്റെ വിലയിൽ 29 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിലും സബ്‌സിഡികളിലൂടെയും കൃത്യമായ വിലനിയന്ത്രണത്തിലൂടെയും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഭാരമാകാത്ത രീതിയിലാണ് രാജ്യാന്തര വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ പാചകവാതകം വിതരണം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രാലയം കൂട്ടിച്ചേർത്തു.

