മകന്റെ വേർപാടിലെ മനോവിഷമം; വൈപ്പിനിൽ ദമ്പതികൾ ജീവനൊടുക്കി

കൊച്ചി: ഏക മകന്റെ മരണത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ, ആശുപത്രിക്കു വടക്കുവശമുള്ള കളത്തിപ്പറമ്പിൽ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തണമെന്ന് സഞ്ജീവ് സഹോദരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സഹോദരൻ തിരികെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുൻവാതിൽ തുറന്ന നിലയിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം മഞ്ഞക്കാട് പ്രദേശത്ത് മറൈൻ വർക്‌ഷോപ്പ് നടത്തിവരികയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷങ്ങൾക്ക് മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുൻപ് അസുഖം ബാധിച്ച് മരിച്ചിരുന്നു. മകന്റെ വേർപാടിനു ശേഷം ഇരുവരും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മുൻപത്തെ ആത്മഹത്യാശ്രമത്തിനു ശേഷം സഹോദരൻ ദിവസവും സഞ്ജീവിനെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. സംഭവത്തിൽ ഞാറയ്ക്കൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *