സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച വിശ്വപ്രസിദ്ധ സാംസ്കാരികോത്സവമായ സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനാണ്. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റ് അരങ്ങേറാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

നാടകരചയിതാവ്, സംവിധായകൻ, കലാ സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ കൂടിയാണ്. 2023-ൽ കേരള സർക്കാർ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘കേരളപ്രഭ’ നൽകി ആദരിച്ചിരുന്നു. മൂന്ന് തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി.) ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ‘മേൽവിലാസം’, ‘എന്റെ രക്ഷകൻ’, ആറ് നാടകങ്ങളുടെ പരമ്പരയായ ‘ചായക്കടക്കഥകൾ’ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങൾ. ഇതിൽ ‘മേൽവിലാസം’ പിന്നീട് സിനിമയായപ്പോൾ തിരക്കഥ രചിച്ചതും അദ്ദേഹമായിരുന്നു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

1951 ഏപ്രിൽ 11-ന് കോട്ടയത്തായിരുന്നു ജനനം. കേരളത്തിലെ ചീഫ് എൻജിനീയറായിരുന്ന പരേതനായ ടി. നടരാജ പിള്ളയാണ് പിതാവ്. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകയായ പി. സരസ്വതി അമ്മയാണ് മാതാവ്. നടരാജ കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളേജ്, കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1972-ൽ ഐ.എസ്.ആർ.ഒ.യിൽ ചേർന്ന അദ്ദേഹം 1999-ൽ സ്വയം വിരമിച്ച ശേഷമാണ് പൂർണ്ണസമയ കലാപ്രവർത്തനത്തിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *