കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് (CUSAT) വിദ്യാർത്ഥിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുമാരപുരം സ്വദേശിയായ ഡി. ധനുഷ് (21) ആണ് മരിച്ചത്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ ധനുഷിനെ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട ഹാജർ കുറവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതിനാൽ അധ്യാപിക ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് സഹപാഠിയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.വിവരമറിഞ്ഞ് എത്തിയ കളമശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

