ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു; ആശങ്ക ശക്തമാക്കി സംഘർഷം

തെഹ്റാൻ: ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നിരവധി വാണിജ്യക്കപ്പലുകൾ അവരുടെ തിരിച്ചറിയൽ വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) താൽക്കാലികമായി ഓഫ് ചെയ്ത് യാത്ര തുടരുന്നതായി റിപ്പോർട്ടുകൾ. ഈ രീതിയെ ‘ഡാർക്ക് ട്രാൻസിറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

കപ്പലുകളുടെ സ്ഥാനം തിരിച്ചറിയാൻ സഹായിക്കുന്ന AIS സംവിധാനം ഓഫ് ചെയ്യുന്നത് സുരക്ഷാ ഭീഷണി കുറയ്ക്കാനാണെന്നാണ് ചില ഷിപ്പിങ് കമ്പനികളുടെ വിശദീകരണം. എന്നാൽ ഇത് കടലിലെ ഗതാഗതനിരീക്ഷണം ദുഷ്കരമാക്കുകയും കൂട്ടിയിടി സാധ്യത ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായും ചില എണ്ണ-വാതക ടാങ്കറുകൾ യാത്ര മാറ്റിവച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള എണ്ണ-വാതക വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ കടൽപാതയിലെ സ്ഥിതിഗതികൾ ലോക ഊർജവിപണിയും ഷിപ്പിങ് മേഖലയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *