ന്യൂഡൽഹി: ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കുന്നതിനായി ഇന്ത്യ നടപ്പാക്കുന്ന ‘നെക്ലസ് ഓഫ് ഡയമണ്ട്സ്’ (Necklace of Diamonds) തന്ത്രം കൂടുതൽ ശക്തിപ്പെടുത്തുന്നതായി വിലയിരുത്തൽ. ചൈനയുടെ ‘സ്ട്രിങ് ഓഫ് പെൾസ്’ (String of Pearls) തന്ത്രത്തിന് മറുപടിയായാണ് ഇന്ത്യയുടെ ഈ നയം കണക്കാക്കപ്പെടുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളുമായുള്ള പ്രതിരോധ-സമുദ്ര സഹകരണം, തന്ത്രപ്രധാന തുറമുഖങ്ങളിലേക്കുള്ള പ്രവേശനം, നാവിക സഹകരണം എന്നിവയാണ് ‘നെക്ലസ് ഓഫ് ഡയമണ്ട്സ്’ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങൾ. ഒമാൻ, ഇൻഡോനേഷ്യ, സീഷെൽസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണം ഈ തന്ത്രത്തിന് കൂടുതൽ കരുത്തേകുന്നതായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഫിലിപ്പീൻസ്, വിയറ്റ്നാം, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യുന്നതും ചൈനയുടെ പ്രാദേശിക സ്വാധീനത്തെ സന്തുലിതമാക്കാനുള്ള ഇന്ത്യയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

