ഓക്ലൻഡ്: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും വികസനവും ശ്രദ്ധേയമാണെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യ കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചത്.
ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ലക്സൺ അഭിപ്രായപ്പെട്ടു. കരാറിന്റെ നേട്ടങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിൽ വ്യവസായ സമൂഹത്തിന് പ്രധാന പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസീലൻഡ് സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ബന്ധം ഉയർത്തുകയും പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്താൻ ധാരണയിലെത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും 2030 വരെയുള്ള സഹകരണത്തിനായുള്ള റോഡ്മാപ്പിനും രൂപം നൽകി.

