ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത; അടിയന്തര പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ചു

കാൻബറ: ഓസ്‌ട്രേലിയയിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫെഡറൽ സർക്കാർ അടിയന്തര പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 220 കടന്നതായും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ വ്യക്തമാക്കി. രോഗം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു എന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഡിഫ്തീരിയയുടെ ഈ തിരിച്ചുവരവ്.

നോർത്തേൺ ടെറിട്ടറിയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ് എന്നീ സംസ്ഥാനങ്ങളിലും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ നോർത്തേൺ ടെറിട്ടറിയിൽ സംഭവിച്ച ഒരു മരണം ഡിഫ്തീരിയ മൂലമാണോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഡിഫ്തീരിയ മരണമായിരിക്കും ഇത്.

കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വാക്സിനേഷൻ നിരക്കാണ് നിലവിലെ രോഗവ്യാപനത്തിന് പ്രധാന കാരണം. കോവിഡ് കാലത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലമുണ്ടായ വാക്സിൻ വിരുദ്ധ മനോഭാവവും വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ കുറവുമാണ് വാക്സിനേഷൻ നിരക്ക് ഇടിയാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശീയരായ അബോറിജിനൽ വിഭാഗങ്ങൾക്കിടയിലാണ് രോഗബാധ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ ഭൂരിഭാഗവും ശ്വാസകോശത്തെ ബാധിക്കുന്ന ‘റെസ്പിറേറ്ററി ഡിഫ്തീരിയ’ ആയതിനാൽ രോഗബാധിതരിൽ 25 ശതമാനത്തോളം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് ആരോഗ്യമേഖലയ്ക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വാക്സിനുകളും താൽക്കാലിക ആരോഗ്യപ്രവർത്തകരെയും വിന്യസിച്ചുകൊണ്ട് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആൽബനീസ് സർക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *