പരസ്യചിത്രത്തിൽ അന്താരാഷ്ട്ര ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ചിത്രം;എഐ പരസ്യം വിവാദമായതോടെ മാപ്പ് പറഞ്ഞ് സിഡ്നിയിലെ പ്രമുഖ ബേക്കറി

സിഡ്നി: സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരസ്യചിത്രത്തിൽ അന്താരാഷ്ട്ര ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ചിത്രം ഉൾപ്പെടുത്തിയതിനെത്തുടർന്ന് സിഡ്നിയിലെ പ്രമുഖ ബേക്കറി ഉടമകൾ പരസ്യമായി മാപ്പ് പറഞ്ഞു. സിഡ്നി സിബിഡിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ഹണ്ടേഴ്‌സ് ഹില്ലിലെ പ്രശസ്തമായ ‘സ്റ്റോൺഗ്രൗണ്ട് ബേക്കറി’യാണ് വിവാദത്തിലായത്. കഴിഞ്ഞ വാരാന്ത്യത്തിൽ ബേക്കറിയിൽ ഉണ്ടായ കടുത്ത തിരക്ക് ജനങ്ങളെ അറിയിക്കാൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

പ്രശസ്ത ഹോളിവുഡ് നടി സിഡ്നി സ്വീനി, പ്രമുഖ താരം ബോറട്ട്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, പ്രശസ്ത ഇൻഫ്ലുവൻസർ ടാമി ഹെംബ്രോ തുടങ്ങിയ പ്രമുഖർ ബേക്കറിയിൽ വന്നിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോയാണ് ബേക്കറി അധികൃതർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ചിത്രങ്ങൾക്കിടയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ജയിലിൽ കഴിയവെ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ ബേക്കറിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള എഐ ചിത്രവും ഉൾപ്പെടുകയായിരുന്നു.

ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ഓസ്‌ട്രേലിയക്കാരാണ് ബേക്കറിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കടുത്ത ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഒരാളെ പ്രൊമോഷണൽ ചിത്രങ്ങളിൽ ഉൾപ്പെടുത്തി ലഘൂകരിച്ചു കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് ക്രൂരതയാണെന്നും ജനങ്ങൾ പ്രതികരിച്ചു. സംഭവം വിവാദമായതോടെ ബേക്കറി അധികൃതരും ഈ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നിൽ പ്രവർത്തിച്ച പരസ്യ ഏജൻസിയായ ‘എലിവർ മീഡിയ’യും മാപ്പപേക്ഷയുമായി രംഗത്തെത്തി.

തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ചിത്രം അങ്ങേയറ്റം മോശം അഭിരുചിയുള്ളതും ജനവികാരത്തെ മുറിവേൽപ്പിക്കുന്നതുമായിപ്പോയെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു. പോസ്റ്റിംഗിനിടയിൽ സംഭവിച്ച വലിയൊരു പിഴവാണിതെന്നും തെറ്റ് മനസ്സിലാക്കിയ ഉടൻ തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഈ പോസ്റ്റ് പൂർണ്ണമായും നീക്കം ചെയ്തതായും ബേക്കറി അധികൃതർ വ്യക്തമാക്കി. 2014 സെപ്റ്റംബർ മുതൽ മെലീന ഫ്രെലിംഗോസിന്റെ ഉടമസ്ഥതയിൽ ഗ്ലേഡ്‌സ്‌വിൽ റോഡിൽ പ്രവർത്തിക്കുന്ന ഈ ബേക്കറി പ്രദേശത്തെ ഏറ്റവും ജനപ്രിയമായ ഭക്ഷണശാലകളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *