മെൽബൺ: മെൽബണിലെ പ്രശസ്തമായ ഫെഡറേഷൻ സ്ക്വയർ (Fed Square) വീണ്ടും ദീപാവലി ആഘോഷങ്ങളുടെ നിറപ്പകിട്ടിലേക്ക്. ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 10:00 മണി വരെയാണ് വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ഫെഡറേഷൻ സ്ക്വയറിൽ ദീപാവലി ആഘോഷങ്ങൾ അരങ്ങേറുന്നത്.
വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രകൾ, വൈവിധ്യമാർന്ന സംഗീത-നൃത്ത പരിപാടികൾ, തനത് രുചിക്കൂട്ടുകളൊരുക്കുന്ന ഭക്ഷണശാലകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. യാറ നദിക്കരയെ (Yarra River) പ്രകാശമാനമാക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗമാണ് (Fireworks) പ്രധാന ആകർഷണം.
എല്ലാവർക്കും തികച്ചും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ‘കിഡ്സ് ഹെൽപ്പ്ലൈൻ ഓസ്ട്രേലിയ’യ്ക്ക് (Kids Helpline Australia) പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംഘടിപ്പിക്കുന്നത്.

