ന്യൂഡൽഹി: ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്തിന് അഭിമാനമായി മാറിയ അപൂർവ്വ നേട്ടവുമായി ഡൽഹി എയിംസിലെ ഡോക്ടർമാർ. 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ‘മൈലോമെനിംഗോസിൽ’ എന്ന ഗുരുതരമായ നട്ടെല്ല് വൈകല്യം അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ ഓപ്പൺ സർജറിയിലൂടെ വിജയകരമായി പരിഹരിച്ചു.
പക്ഷാഘാതത്തിനും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശാരീരിക വൈകല്യങ്ങൾക്കും കാരണമാകാവുന്ന ഈ ഗുരുതരാവസ്ഥ പരിഹരിക്കുന്നതിനായി ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. മുപ്പതിലധികം ഡോക്ടർമാരുടെ പങ്കാളിത്തവും അഞ്ച് ആഴ്ച നീണ്ട മുന്നൊരുക്കങ്ങളും ഈ ശസ്ത്രക്രിയയ്ക്ക് പിന്നിലുണ്ടായിരുന്നു.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

