8 മണിക്കൂർ നീണ്ട ഇ.ഡി പരിശോധന പൂർത്തിയായി; ഉദ്യോഗസ്ഥരുടെ വാഹനം തകർത്തു, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ മിന്നൽ പരിശോധന പൂർത്തിയായി. ഏകദേശം 8 മണിക്കൂറോളം നീണ്ടുനിന്ന പരിശോധന കൾക്കൊടുവിൽ ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്.

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.എം പ്രവർത്തകർ തടയുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് അടിച്ചുതകർക്കുകയുമായിരുന്നു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൂർണ്ണമായി തകർത്തു. ആക്രമണത്തിൽ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ചില്ല് പൊട്ടിയതിനെ തുടർന്ന് ഒരു സി.പി.എം പ്രവർത്തകന്റെ കൈക്കും സാരമായി പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ ഇ.ഡി വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഇ.ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു.

അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേക്കറി ജംഗ്ഷൻ പരിസരത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽ ക്കുകയാണ്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ഈ മിന്നൽ പരിശോധന നടത്തിയത്. അന്വേഷ ണത്തിന് വീണ്ടും സ്റ്റേ തേടി പ്രതികൾ കോടതിയെ സമീപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ്, കേന്ദ്ര അനുമതിയോടെ ഇ.ഡി അടിയന്തര നീക്കം നടത്തിയത്. ഈ അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയുമുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *