കേരളം കത്തുമ്പോൾ ദില്ലിയിൽ അമിത് ഷായുമായി വി.ഡി. സതീശന്റെ കൂടിക്കാഴ്ച ; ഇ.ഡി റെയ്ഡ് പശ്ചാത്തലത്തിൽ ദില്ലി നീക്കങ്ങൾ അതീവ നിർണായകം

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ ഉണ്ടായ കനത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ഉറ്റുനോക്കപ്പെടുന്നു. നിലവിലെ സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യങ്ങൾ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അദ്ദേഹം ഇപ്പോൾ ഡൽഹി കേരള ഹൗസിൽ വിശ്രമിക്കുകയാണ്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ‘സേവാതീർത്ഥ്’ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖ വികസനങ്ങൾക്ക് കേന്ദ്ര പിന്തുണ ഉറപ്പാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി ചർച്ചകൾ നടത്തിയിട്ടുണ്ട്.

റെയിൽവേ വികസനം, കെ-റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളിലെ കേന്ദ്ര നിലപാട്, എയിംസ് (AIIMS), കൊച്ചി മെട്രോ രണ്ടാം ഘട്ടം തുടങ്ങി കേന്ദ്ര സഹായത്തോടെ കേരളത്തിന് നേടിയെടുക്കേണ്ട നിരവധി വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ദൗത്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും വികസന കാര്യങ്ങളിലും ഈ കൂടിക്കാഴ്ച അതീവ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *