തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് (മാസപ്പടി) കേസിൽ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ച സംഭവത്തിൽ പ്രതികരണം മയപ്പെടുത്തി സിപിഎം. “നിയമം അതിന്റെ വഴിക്ക് പോകട്ടെ” എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്. വെള്ളിയാഴ്ച ഹാജരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സമൻസ് ലഭിച്ച വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇതുവരെ പൊതുവായി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നടപടി. കേസിൽ ടി. വീണയുൾപ്പെടെ ഒമ്പത് പേർക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത എന്നിവർക്കും സമൻസ് ലഭിച്ചിട്ടുണ്ട്. ഇതേസമയം, സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തുടരുന്നതിന് ഹൈകോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളിയതോടെയാണ് അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലാതായത്.

