ജെൻ ആൽഫകൾക്കൊപ്പം ഓണക്കളികളിൽ നിറഞ്ഞ് വിദ്യാഭ്യാസമന്ത്രി; നരിപ്പറമ്പ് സ്കൂളിൽ ആവേശോത്സവം

പൊന്നാനി: പൂക്കളവും ഊഞ്ഞാലാട്ടവും പുലികളിയുമായി ഓണാഘോഷം പൊടിപൊടിക്കുന്നതിനിടയിലേക്ക് അപ്രതീക്ഷിത അതിഥിയായി വിദ്യാഭ്യാസ മന്ത്രിയെത്തിയതോടെ നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ആവേശം ഇരട്ടിയായി. ഔദ്യോഗിക ഗൗരവങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാർത്ഥികൾക്കൊപ്പം ഓണക്കളികളിലും വടംവലിയിലും സദ്യയിലും പങ്കുചേർന്ന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.

സ്‌കൂളിലെത്തിയ മന്ത്രിയെ കുട്ടികൾ ചുറ്റുംകൂടി സ്നേഹത്തോടെ സ്വീകരിച്ചു. കുശലാന്വേഷണങ്ങൾക്കൊപ്പം മാവേലി വേഷധാരിയായ കുട്ടിയുടെ വകയായി മന്ത്രിക്ക് അനുഗ്രഹവും ലഭിച്ചു. തുടർന്ന് കുട്ടികളുമായി ഓണപ്പഴമയുടെ വിശേഷങ്ങൾ പങ്കുവെച്ച മന്ത്രി, തലപ്പാവ് കെട്ടി ഓണപ്പാട്ടു പാടി കുട്ടികൾക്കൊപ്പം വടംവലി മത്സരത്തിലും പങ്കാളിയായി. മന്ത്രിയുടെ സാന്നിധ്യം ആവേശമായതോടെ പൂവിളികളും ഓണപ്പാട്ടുകളും ചെണ്ടമേളവുമായി അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു.

കുട്ടികൾക്കൊപ്പം ചേർന്ന് ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ…’ എന്ന ഗാനം ആലപിച്ച മന്ത്രി, ഓണത്തിന്റെ തനിമയും പഴമയും ചോർന്നുപോകാതെ പുതിയ തലമുറയായ ജെൻ ആൽഫകളിലേക്ക് പകർന്നുനൽകാൻ സാധിച്ചതിന് അധ്യാപകരെ അഭിനന്ദിച്ചു. കുട്ടികളോടൊപ്പം ഓണസദ്യയും കഴിച്ച ശേഷമാണ് മന്ത്രി യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *