പത്തനംതിട്ട: കടമ്മനിട്ട കല്ലേലിമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി എഴുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. ശാരീരിക പരിമിതികൾ നേരിട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
റോഡിൽ നിന്നും വീട്ടിലേക്ക് കയറുന്നതിനായി വീടിന് പുറത്ത് സ്ക്വയർ പൈപ്പുകളും മറ്റും ഉപയോഗിച്ച് പ്രത്യേകമായി നിർമ്മിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. വീടിന് താഴെ വാഹനം നിർത്തിയ ശേഷം ലിഫ്റ്റിൽ കയറിയതായിരുന്നു മാത്തുക്കുട്ടി. ഈ സമയം കറന്റ് പോയതിനെ തുടർന്ന് ലിഫ്റ്റ് നിലച്ചു. തുടർന്ന് ലിഫ്റ്റിന് പുറത്തേക്ക് തലയിട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കറന്റ് പോയതോടെ സ്ക്വയർ പൈപ്പുകൾക്കിടയിൽ തല കുടുങ്ങുകയായിരുന്നു.
സംഭവസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഭാര്യ ലിഫ്റ്റ് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

