എപ്സ്റ്റീൻ അവിഹിത ബന്ധം ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്തു; ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ തന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസ് സമിതിക്ക് മുമ്പാകെ നൽകിയ മൊഴിയിലാണ് ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.

2011-ലാണ് എപ്സ്റ്റീനുമായി പരിചയം തുടങ്ങിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് അദ്ദേഹത്തെ കണ്ടതെന്നും, അന്ന് എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് പൂർണ ധാരണ ഉണ്ടായിരുന്നില്ലെന്നും ഗേറ്റ്സ് പറഞ്ഞു. പ്രതീക്ഷിച്ച പദ്ധതി യാഥാർഥ്യമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014-ൽ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം, തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അസത്യപ്രചാരണങ്ങളും ഉപയോഗിച്ച് വീണ്ടും ബന്ധം സ്ഥാപിക്കാൻ എപ്സ്റ്റീൻ സമ്മർദം ചെലുത്തിയെന്നും ഗേറ്റ്സ് പറഞ്ഞു. എന്നാൽ ആ ശ്രമം വിജയിച്ചില്ലെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കി.

എപ്സ്റ്റീനുമായി ബന്ധം പുലർത്തിയത് ഗുരുതരമായ തെറ്റായിരുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും ഗേറ്റ്സ് ആവർത്തിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണം അമേരിക്കൻ നിയമവകുപ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നത് പരിശോധിക്കുന്നതിന്റെയും ഭാഗമായാണ് കോൺഗ്രസ് സമിതി ഗേറ്റ്സിന്റെ മൊഴി രേഖപ്പെടുത്തിയത്. ഗേറ്റ്സിനെതിരെ ഈ കേസിൽ കുറ്റം ചുമത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *