കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയേറ്ററായ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. ‘ജയിലർ-2’ന്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് തിയേറ്റർ പ്രേക്ഷകർക്കായി തുറന്നുകൊടുത്തത്.
കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുമ്പ് ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട തിയേറ്റർ സമുച്ചയത്തിൽ 450 സീറ്റുകളുള്ള ഡോൾബി സിനിമാസ്, 150 സീറ്റുകളുള്ള ഡോൾബി തിയേറ്റർ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് കൊച്ചി ‘സൂയി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയേറ്റർ പ്രമുഖ തിയേറ്റർ ഗ്രൂപ്പായ ഇ.വി.എം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.
വൻ മുതൽമുടക്കോടെ ഇ.വി.എം സിനിമാസിന് വേണ്ടി ഡോൾബി ലബോറട്ടറീസ് ഒരുക്കിയ ഈ തിയേറ്റർ, ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ഡോൾബി സിനിമാ സ്ക്രീനാണ്. അത്യന്താധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യകളിലൂടെ പുത്തൻ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഈ സംരംഭത്തെ വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
ചുവരുകൾ മുതൽ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവയാണ് ഡോൾബി സിനിമ സ്ക്രീനിന്റെ പ്രധാന സവിശേഷതകൾ. പ്രദർശനത്തിനുള്ള ടിക്കറ്റുകൾ ബുക്ക്‌മൈഷോ (BookMyShow) വഴി ലഭ്യമാണ്. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

