പാലക്കാട്: 16-കാരനായ പേരക്കുട്ടിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാനാണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 19-ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം.
സുലൈമാന്റെ മകളുടെ മകനായ 16-കാരൻ തന്റെ പത്തുവയസ്സുകാരിയായ സഹോദരിയെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. നെഞ്ചിലും കഴുത്തിലും വയറിലുമാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണത്തിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പതിനാറുകാരനെ പൊലീസ് പിടികൂടി ജുവനൈൽ ഹോമിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണങ്ങളും മറ്റ് പശ്ചാത്തലങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

