തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കർശന നടപടികളിലേക്ക് കടന്ന് കേരള സർക്കാർ. വളർത്തു നായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്ന ഉടമകളിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
വളർത്തു നായയെ വഴിയിൽ ഉപേക്ഷിച്ചാൽ 10,000 രൂപ വരെ പിഴ ഈടാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസില്ലാതെ നായയെ വളർത്തിയാലും പിഴ ബാധകമായിരിക്കും.എല്ലാ വളർത്തുമൃഗങ്ങൾക്കും ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കും.നായയുടെ ഉടമയെ കൃത്യമായി തിരിച്ചറിയുന്നതിനായി മൈക്രോചിപ്പ് ഘടിപ്പിക്കുന്ന സംവിധാനം സർക്കാരിന്റെ പരിഗണനയിലുണ്ട്.ഔദ്യോഗിക അനുമതിയില്ലാതെ ബ്രീഡിംഗ് സെന്ററുകളോ പെറ്റ് ഷോപ്പുകളോ നടത്തിയാൽ ശക്തമായ പിഴ ചുമത്തും.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കൂടുതൽ എ.ബി.സി (ABC) കേന്ദ്രങ്ങളും മൊബൈൽ യൂണിറ്റുകളും ആരംഭിക്കും. കൂടാതെ, തെരുവുനായകൾക്ക് ആഹാരം നൽകുന്നതിനായി ശാസ്ത്രീയമായ ഫീഡിംഗ് സോണുകൾ ഒരുക്കാനും പദ്ധതിയിടുന്നു.

