ജീവലോങ് എണ്ണശുദ്ധീകരണ ശാലയിലെ തീപിടുത്തം; ഇന്ധന വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി

മെൽബൺ: ജീലോങ് എണ്ണശുദ്ധീകരണ ശാലയിലുണ്ടായ വൻ തീപിടുത്തത്തിന് പിന്നാലെ രാജ്യത്തെ ഇന്ധന വിതരണത്തിൽ നിലവിൽ മാറ്റങ്ങളൊന്നുമില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. മലേഷ്യൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ജീലോങ് പ്ലാന്റിലെത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അപകടത്തെത്തുടർന്ന് പ്ലാന്റിലെ ഉത്പാദനത്തിൽ ഭാഗികമായി കുറവുണ്ടായിട്ടുണ്ട്. നിലവിൽ ഡീസൽ, വിമാന ഇന്ധനം (Aviation Fuel) എന്നിവയുടെ ഉത്പാദനം 80 ശതമാനത്തോളം നടക്കുന്നുണ്ട്. എന്നാൽ പെട്രോൾ ഉത്പാദനം 60 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് പ്ലാന്റ് അധികൃതർ നൽകുന്ന ഉറപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തിലുള്ള പ്രതിസന്ധികൾ നേരിടാൻ രാജ്യം നേരത്തെ തന്നെ നാല് ഘട്ടങ്ങളിലായുള്ള ഇന്ധന സുരക്ഷാ പദ്ധതി (Fuel Security Plan) നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയ ഇതിന്റെ രണ്ടാം ഘട്ടത്തിലാണ്. പ്ലാന്റിലുണ്ടായ തീപിടുത്തം ഒരു പ്രാദേശിക സംഭവമാണെന്നും ഇത് ഇന്ധന വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട മൂന്നാം ഘട്ടത്തിലേക്ക് രാജ്യത്തെ എത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന വിതരണത്തിലുണ്ടാകുന്ന ചെറിയ കുറവുകൾ ഇറക്കുമതിയിലൂടെ പരിഹരിക്കാൻ വിവ എനർജിക്ക് (Viva Energy) സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനിടെ, ഏഷ്യൻ സന്ദർശനത്തിലൂടെ 100 ദശലക്ഷം ലിറ്റർ ഡീസൽ അധികമായി ഉറപ്പാക്കാൻ കഴിഞ്ഞത് രാജ്യത്തിന് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *