മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് അപകടം: നാല് സ്ത്രീകൾ മരിച്ചു; 26 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. വീർപൂരിൽ നിന്ന് ബറോഡയിലേക്ക് പോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്തു വെച്ചുതന്നെ നാലുപേരും മരണപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.​അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ട്രാക്ടറിലുണ്ടായിരുന്നവർ വീർപൂർ സ്വദേശികളാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ വലിയൊരു സംഘം വാഹനത്തിലുണ്ടായിരുന്നു.​അമിതവേഗതയിലെത്തിയ ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *