നേപ്പാൾ-ചൈന അതിർത്തിയിൽ വീണ്ടും പ്രളയഭീതി; ചൈനയിൽ പുതിയതായി രൂപപ്പെട്ട തടാകം ഏതുനിമിഷവും തകർന്നേക്കാമെന്ന് മുന്നറിയിപ്പ്

കാഠ്‌മണ്ഡു: പ്രളയക്കെടുതികൾക്കും വ്യാപക നാശനഷ്ടങ്ങൾക്കും പിന്നാലെ നേപ്പാളിലും ചൈന അതിർത്തി മേഖലയിലും വീണ്ടും പ്രളയഭീതി പടരുന്നു. അതിർത്തിക്കപ്പുറത്ത് ചൈനീസ് ഭാഗത്ത് പുതിയതായി രൂപപ്പെട്ട ഒരു തടാകം ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

ചൈനയിലെ ചോച്ചൻ ഖോള (Chhochen Khola), പുരേപു സാങ്പോ (Purepu Tsangpo) എന്നീ നദികളുടെ സംഗമസ്ഥാനത്താണ് പുതിയ തടാകം രൂപപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെയോടെ ഇതിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കപ്പെടുകയും ഇത് കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഈ തടാകത്തിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇത് തടാകം ഏതുസമയത്തും തകരുന്നതിലേക്ക് നയിച്ചേക്കാമെന്നും, അങ്ങനെ സംഭവിച്ചാൽ താഴെയുള്ള പ്രദേശങ്ങളിൽ വീണ്ടും അതിശക്തമായ മലവെള്ളപ്പാച്ചിലിന് കാരണമായേക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *