അൻപതാണ്ടിന്റെ മധുരം; ടീച്ചറമ്മയെ കാണാൻ പഴയ പത്താം ക്ലാസുകാർ ഒത്തുചേർന്നു

മേലുകാവ്: അൻപത് വർഷങ്ങൾക്കിപ്പുറം തങ്ങളെ അക്ഷരമുറ്റത്ത് കൈപിടിച്ചു നടത്തിയ പ്രിയ അധ്യാപികയെ കാണാൻ പഴയ ശിഷ്യഗണം ഒന്നിച്ചെത്തി. മേലുകാവ് സി.എം.എസ് ഹൈസ്‌കൂളിലെ 1976-77 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്, അന്ന് തങ്ങളെ പഠിപ്പിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അധ്യാപികയായ അന്നമ്മ ജോസഫിനെ കാണാൻ മേലുകാവിലെ വീട്ടിലെത്തിയത്.

അർദ്ധശതാബ്ദത്തിന് ശേഷം സംഘടിപ്പിച്ച ആദ്യ ബാച്ച് സംഗമത്തിന് പിന്നാലെയാണ് ടീച്ചറമ്മയെ കാണണമെന്ന ആഗ്രഹം ശിഷ്യന്മാർ നടപ്പിലാക്കിയത്. പലരും ഉന്നത ഉദ്യോഗങ്ങളിൽ നിന്നും വിരമിച്ചവരാണെങ്കിലും, പ്രിയപ്പെട്ട അധ്യാപികയുടെ മുന്നിൽ അവർ പഴയ കൊച്ചു കുട്ടികളായി മാറി. അനുഭവങ്ങൾ പങ്കുവെച്ചും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ തങ്ങളുടെ പഴയ സ്‌കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചുപോയി.

അന്നമ്മ ടീച്ചറെയും ഭർത്താവും വൈദികനുമായ റവ. പി.ജെ. ജോസഫിനെയും ശിഷ്യർ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ, തങ്ങളുടെ പഴയ ഓർമ്മകൾ ഉണർത്തുന്ന പത്താം ക്ലാസിലെ വലിയൊരു ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്ത് അവർ ടീച്ചർക്ക് സമ്മാനമായി നൽകി.

അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16 പേർ ഇതിനകം മരണപ്പെട്ടു. ബാക്കിയുള്ളവരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം പേരാണ് മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന ആദ്യ കൂട്ടായ്മയിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ നേരിൽ കാണാൻ തീരുമാനമെടുത്തത്. ജോൺസൺ ജോസഫ്, എൻ.സി. ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ. ഫിലിപ്പ്, രാജമ്മ തേക്കുംകാട്ടിൽ എന്നിവർ ഈ സ്നേഹസംഗമത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *