ഇടുക്കി: ജ കല്ലാർകുട്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. സെക്കൻഡിൽ ഏകദേശം 160 ഘനമീറ്റർ (ക്യൂമെക്സ്) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡാമിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനാൽ മുതിരപ്പുഴയിലെയും തുടർന്ന് പെരിയാർ നദിയിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അനാവശ്യമായി നദിയിലിറങ്ങുകയോ തീരപ്രദേശങ്ങളിൽ തങ്ങിനിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് ജലസംഭരണികളിലെ ജലനിരപ്പ് ഉയർന്നത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡാമുകളുടെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

