അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി സൗത്ത് ഓസ്‌ട്രേലിയയിലെ മെഡികെയർ ബൾക്ക് ബില്ലിംഗ് (Medicare Bulk Billing) നിരക്കുകളിൽ വൻ വർധനവ്. സൗജന്യ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ രംഗത്തെത്തി.
അഡ്‌ലെയ്ഡിലെ എറിൻഡെയ്ൽ ഹെൽത്ത് ആൻഡ് മെഡിക്കൽ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. മുമ്പ് രോഗികളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കിയിരുന്ന ഈ ക്ലിനിക്ക് ഇപ്പോൾ പൂർണ്ണമായും സൗജന്യ (ബൾക്ക് ബിൽഡ്) സേവനത്തിലേക്ക് മാറിയിട്ടുണ്ട്. സ്റ്റർട്ട് (Sturt) നിയോജക മണ്ഡലത്തിൽ മാത്രം പൂർണ്ണമായും ബൾക്ക് ബില്ലിംഗ് നൽകുന്ന 25 ക്ലിനിക്കുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
തുടർച്ചയായ ആറ് വർഷത്തോളം മെഡികെയർ റിബേറ്റുകൾ മരവിപ്പിച്ചിരുന്നതിനാൽ മുൻ വർഷങ്ങളിൽ ബൾക്ക് ബില്ലിംഗ് നിരക്കുകൾ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ നിലവിലെ സർക്കാർ വലിയ തുക ഈ മേഖലയിൽ നിക്ഷേപിച്ചതോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ബൾക്ക് ബില്ലിംഗ് നിരക്ക് 80 ശതമാനത്തിന് മുകളിലെത്തി. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ പൂർണ്ണമായും സൗജന്യ സേവനം നൽകുന്ന പ്രാദേശിക ക്ലിനിക്കുകളുടെ എണ്ണം സംസ്ഥാനത്ത് ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം പല ക്ലിനിക്കുകളും രോഗികളിൽ നിന്ന് ഫീസ് ഈടാക്കാൻ നിർബന്ധിതരായിരുന്നുവെന്നും, എന്നാൽ പുതിയ സർക്കാർ നിക്ഷേപങ്ങൾ കാരണം രോഗികളിൽ നിന്ന് പണം വാങ്ങാതെ മികച്ച സേവനം നൽകാൻ സാധിക്കുന്നുണ്ടെന്നും സീനിയർ ഡോക്ടർ ജോൺ ഒലൂ വ്യക്തമാക്കി. സാമ്പത്തിക ഭയം കൂടാതെ സാധാരണക്കാർക്ക് ഡോക്ടറെ കാണാൻ സാധിക്കുന്ന അവസ്ഥയിലേക്ക് ഓസ്‌ട്രേലിയൻ ആരോഗ്യ മേഖല അതിവേഗം തിരികെ എത്തുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

