സിഡ്നി: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കടം നൽകിയ പണം തിരികെ ലഭിക്കാതെ ഓസ്ട്രേലിയയിൽ ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകൾ പ്രതിസന്ധിയിലാണെന്ന് പുതിയ പഠന റിപ്പോർട്ട്. സാമ്പത്തിക താരതമ്യ വെബ്സൈറ്റായ ‘ഫൈൻഡർ’ (Finder) പുറത്തുവിട്ട കണക്കുകൾ പ്രകാരം, പത്തിൽ ഒരാൾ എന്ന നിലയിൽ ഓസ്ട്രേലിയക്കാർ സുഹൃത്തുക്കളിൽ നിന്ന് പണം തിരികെ കിട്ടാനുള്ളവരാണ്.
ഇത്തരത്തിൽ ലഭിക്കാനുള്ള തുകയുടെ ശരാശരി 1855 ഡോളറാണെന്നത് നിസ്സാരമായ ഇടപാടുകളല്ല നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുന്നു. ഗ്രൂപ്പ് സമ്മാനങ്ങൾ, റെസ്റ്റോറന്റ് ബില്ലുകൾ, ഒന്നിച്ച് യാത്ര ചെയ്യുമ്പോഴുള്ള ഉബർ (Uber) നിരക്കുകൾ, ഇവന്റ് ടിക്കറ്റുകൾ, യാത്രാ ചെലവുകൾ എന്നിവയാണ് പ്രധാനമായും ഇത്തരത്തിൽ കടബാധ്യതകളായി മാറുന്നത്. യുവാക്കളാണ് ഇത്തരത്തിൽ പണം ലഭിക്കാതെ വലയുന്നവരിൽ ഭൂരിഭാഗവും. സർവ്വേയിൽ പങ്കെടുത്ത സെഡ് ജനറേഷനിൽപ്പെട്ട (Gen Z) 12 ശതമാനം പേർക്കും പണം തിരികെ ലഭിക്കാനുണ്ട്. മില്ലേനിയൽസിൽ ഇത് 10 ശതമാനവും ജനറേഷൻ എക്സിൽ (Gen X) 8 ശതമാനവുമാണ്.
ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ പണമിടപാടുകൾ എളുപ്പമാക്കിയെങ്കിലും, സുഹൃത്തുക്കൾക്കിടയിലുള്ള കുടിശ്ശിക ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധ സിദ ഇറം പറഞ്ഞു. പണം തിരികെ ചോദിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെങ്കിലും, അത് നേരിട്ട് സംസാരിക്കുകയാണ് മികച്ച പോംവഴിയെന്നും അവർ നിർദ്ദേശിക്കുന്നു.
ബാങ്ക് ട്രാൻസ്ഫറുകൾ നിമിഷങ്ങൾക്കുള്ളിൽ സാധ്യമാകുന്ന കാലത്ത് പണം തിരികെ നൽകാൻ വൈകുന്നതിന് ന്യായീകരണമില്ലെന്ന് മര്യാദകളെക്കുറിച്ചുള്ള വിദഗ്ധ (Etiquette expert) ജോ ഹെയ്സ് ചൂണ്ടിക്കാട്ടി. മറ്റൊരാളെക്കൊണ്ട് പണം ചോദിപ്പിക്കുന്നത് ഒഴിവാക്കി, കൃത്യസമയത്ത് തന്നെ പണം കൈമാറാൻ ശ്രദ്ധിക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. സ്വന്തം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മറ്റുള്ളവർക്കായി പണം ചെലവഴിക്കുന്നത് പിന്നീട് വലിയ ബാധ്യതകൾക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

