ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ മൂന്നാം വർധന

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുപ്രകാരം പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിച്ചു. ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 99.51 രൂപയായപ്പോൾ ഡീസൽ 92.49 രൂപയായി.

മേയ് 15-ന് മൂന്ന് രൂപയും മേയ് 19-ന് ഏകദേശം 90 പൈസയും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വർധന. ഇതോടെ ഈ മാസത്തിൽ മാത്രം ഇന്ധനവിലയിൽ ഏകദേശം അഞ്ച് രൂപയുടെ വർധനവുണ്ടായി. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും മൂലം ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു.

ഉയർന്ന ക്രൂഡ് വില കാരണം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വൻ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഡൽഹിയിൽ സി.എൻ.ജി. വില കിലോയ്ക്ക് ഒരു രൂപ കൂടി വർധിപ്പിച്ചു. പത്ത് ദിവസത്തിനിടെ സി.എൻ.ജി. നിരക്ക് ഉയരുന്നത് മൂന്നാം തവണയാണ്. വർധിച്ച ഇന്ധനവില ചരക്ക് ഗതാഗതച്ചെലവും സാധനങ്ങളുടെ വിലയും ഉയർത്തുമെന്ന ആശങ്ക വ്യാപാര-ഗതാഗത മേഖലകൾ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *