നേപ്പാളിൽ സർക്കാർ ജീവനക്കാർക്ക് ഇനി 15 ദിവസത്തിലൊരിക്കൽ ശമ്പളം

കാഠ്മണ്ഡു: സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരിക്കൽ ശമ്പളം നൽകുന്ന പതിവിൽ മാറ്റം വരുത്തി, ഇനി 15 ദിവസത്തിലൊരിക്കൽ ശമ്പളം നൽകാനുള്ള പദ്ധതിയുമായി നേപ്പാൾ സർക്കാർ മുന്നോട്ട്. രാജ്യത്തെ സാമ്പത്തിക പ്രവർത്തനം ഉത്തേജിപ്പിക്കുകയും ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നതിനായാണ് ഈ പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി

ധനമന്ത്രാലയം പുറപ്പെടുവിച്ച നിർദേശപ്രകാരം സർക്കാർ ജീവനക്കാർക്ക് മാസത്തിൽ രണ്ട് തവണയായി ശമ്പളം നൽകും. കൂടുതൽ ഇടവേളകളില്ലാതെ ജീവനക്കാരുടെ കൈകളിലേക്ക് പണം എത്തുന്നതിലൂടെ ചെലവഴിക്കാനുള്ള സാധ്യത ഉയരുമെന്നും അതുവഴി വിപണിയിൽ പണപ്രവാഹം വർധിക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്

സർക്കാർ ജോലികൾ പ്രധാന തൊഴിൽ മേഖലയായ നേപ്പാളിൽ ഇത്തരം മാറ്റം സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള ശമ്പള സംവിധാനത്തെ മാതൃകയാക്കിയാണിത്.

എന്നാൽ നിലവിലുള്ള സിവിൽ സർവീസ് നിയമപ്രകാരം ശമ്പളം മാസാവസാനത്തിൽ നൽകണമെന്ന വ്യവസ്ഥയുള്ളതിനാൽ പുതിയ സംവിധാനം നടപ്പിലാക്കാൻ നിയമപരമായ ഭേദഗതി ആവശ്യമായേക്കും. ഇതുസംബന്ധിച്ച് സർക്കാർ നടപടികൾ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *