ക്യാൻബറ: ഓൺ-ഡിമാൻഡ് ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമായി ആസ്ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷന്റെ (FWC) ചരിത്രപരമായ ഉത്തരവ്. ആഹാരസാധനങ്ങളും ഗ്രോസറിയും വീടുകളിലെത്തിക്കുന്ന ഡെലിവറി ഡ്രൈവർമാർക്ക് ഇനി മുതൽ മണിക്കൂറിൽ കുറഞ്ഞത് 31.30 ആസ്ട്രേലിയൻ ഡോളർ (ഏകദേശം 22 യു.എസ് ഡോളർ) വേതനവും ജോലിയിടങ്ങളിലെ അപകട ഇൻഷുറൻസും നിർബന്ധമാക്കി. ലോകമെമ്പാടുമുള്ള ഗിഗ് തൊഴിലാളി മേഖലയ്ക്ക് തന്നെ വഴിത്തിരിവാകുന്നതാണ് ഈ തീരുമാനം.
ഓഗസ്റ്റ് 17 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമുകളായ യൂബർ ഈറ്റ്സ് (UberEats), ഡോർഡാഷ് (DoorDash) എന്നിവയും തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും (TWU) സംയുക്തമായി നൽകിയ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. പുതിയ പരിഷ്കാരം വഴി ലക്ഷക്കണക്കിന് തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇവർക്ക് ലഭിക്കുന്ന ജോലിയിലെ സ്വാതന്ത്ര്യവും സൗകര്യവും അതുപോലെ നിലനിൽക്കും.
പുതിയ നിബന്ധനകൾ പ്രകാരം:
ഡ്രൈവർമാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ക്ലാസ് അനുസരിച്ച് (സൈക്കിൾ, കാർ മുതലായവ) മണിക്കൂറിൽ 31.30 ഡോളർ മുതൽ 32 ഡോളർ വരെ കുറഞ്ഞ അടിസ്ഥാന വേതനം ലഭിക്കും.
ജോലിയിലായിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് കമ്പനികൾ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ നൽകണം.
അതേസമയം, അപകടത്തിൽപ്പെടുന്ന മറ്റ് വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് ഡ്രൈവർമാർ തന്നെ ഉറപ്പുവരുത്തണം.
ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ നാഷണൽ സെക്രട്ടറി മൈക്കൽ കെയ്ൻ പുതിയ തീരുമാനത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷാ മാതൃകയെന്ന് വിശേഷിപ്പിച്ചു. യൂബർ ഈറ്റ്സിനും ഡോർഡാഷിനും പുറമെ രാജ്യത്ത് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന എല്ലാ ഓൺ-ഡിമാൻഡ് പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമായിരിക്കും.

