മെൽബൺ: വിക്ടോറിയയിൽ ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾ സ്വന്തം പേരും വിവരങ്ങളും മറച്ചുവെക്കാൻ കോടതികളിൽ നിന്ന് ‘സപ്രഷൻ ഓർഡറുകൾ’ (Suppression Orders – വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന ഉത്തരവ്) നേടുന്നത് നിരോധിക്കാൻ ഒരുങ്ങി സർക്കാർ. പ്രീമിയർ ബെൻ കരോളാണ് പ്രഖ്യാപനം നടത്തിയത്. വിക്ടോറിയൻ കോടതികളിൽ പ്രതികൾ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ ദുരുപയോഗം ചെയ്യുന്ന എല്ലാ നിയമപരമായ വിടവുകളും അടയ്ക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
വരുന്ന നവംബറിൽ വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓപ്പൺ കോർട്ട്സ് ആക്ടിൽ’ (Open Courts Act) അടിയന്തര ഭേദഗതി വരുത്തുമെന്ന് ബെൻ കരോളും അറ്റോർണി ജനറൽ സോണിയ കിൽക്കെന്നിയും അറിയിച്ചു. “ഇരകളെയും അതിജീവിച്ചവരെയും സംരക്ഷിക്കാനാണ് വിലക്ക് ഉത്തരവുകൾ രൂപകൽപ്പന ചെയ്തത്, അല്ലാതെ ശിക്ഷിക്കപ്പെട്ട ബലാത്സംഗ വീരന്മാരെ സംരക്ഷിക്കാനല്ല,” ബെൻ കരോൾ പറഞ്ഞു. മാനസികാരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഇത്തരം ഉത്തരവുകൾ നേടുന്നത് തടയാനായി നിലവിൽ ആക്റ്റിൽ വിശദമായ അവലോകനം നടന്നു വരികയാണെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
സമീപകാലത്ത് പ്രമുഖർ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾ ഇത്തരം ഉത്തരവുകൾ നേടി വിവരങ്ങൾ പുറത്തുവരാതെ മറച്ചുവെച്ചത് വൻ വിവാദമായിരുന്നു. പ്രമുഖ എന്റർടൈൻമെന്റ് മാനേജർ റാൽഫ് കാർ (Ralph Carr), മുൻ എഎഫ്എൽ താരം സ്റ്റീഫൻ സിൽവാനിയുടെ മകൻ ടോം സിൽവാനി (Tom Silvagni) എന്നിവർ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുന്നതുവരെ തങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവരുന്നത് ഇത്തരം ഉത്തരവുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നു. മാനസിക സമ്മർദ്ദവും ആത്മഹത്യാ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
2013-ൽ കൊണ്ടുവന്ന നിയമത്തിലെ സുരക്ഷാ മുൻകരുതലുകളാണ് പ്രതികൾ ദുരുപയോഗം ചെയ്തിരുന്നത്. കോടതി നടപടികൾ സുതാര്യമായിരിക്കണമെന്നും പ്രതികളുടെ ഇത്തരം തന്ത്രങ്ങൾ ഇനി അനുവദിക്കില്ലെന്നും വിക്ടോറിയൻ സർക്കാർ വ്യക്തമാക്കി. പ്രതിപക്ഷവും ഈ ഭേദഗതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

