ഹരിത ഓണം ലോഗോ പ്രകാശനം ചെയ്തു; ഓണം മാലിന്യരഹിതമായി ആഘോഷിക്കാൻ ആഹ്വാനം

ഇടുക്കി: ഓണം മാലിന്യരഹിതമായും പ്രകൃതിക്ക് ദോഷം വരുത്താതെയും ആഘോഷിക്കണമെന്ന ആഹ്വാനവുമായി ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ‘ഹരിത ഓണം’ ക്യാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോയ് കെ. പൗലോസ് എം.എൽ.എ., ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഭാഗ്യരാജ് കെ. ആർ., ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പങ്കെടുത്തു.

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതിയെത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേൽക്കാൻ വീടും പരിസരവും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും ഒരുപോലെ വൃത്തിയാക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

ആഘോഷങ്ങളിലും അലങ്കാരങ്ങളിലും ഹരിത ചട്ടം കർശനമായി പാലിക്കണം. നിരോധിത പ്ലാസ്റ്റിക്കുകൾ, ഡിസ്‌പോസബിൾ ഗ്ലാസുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലേറ്റുകൾ, പേപ്പർ വാഴയില എന്നിവ പൂർണ്ണമായും ഒഴിവാക്കണം. പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ, പൂക്കൾ, കുരുത്തോല തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം.

സദ്യയും ഓണക്കളികളും മത്സരങ്ങളും മാലിന്യരഹിതമാക്കണമെന്നും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കാനും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറാനും ശ്രദ്ധിക്കണം. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബുകളും സാംസ്കാരിക-സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളിൽ ശുചിത്വ മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ക്യാമ്പയിനിൽ പങ്കാളികളാകണമെന്ന് എം.എൽ.എ.യും ജില്ലാ കളക്ടറും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *