സ്‌പെയിനിലെ ടെനെറിഫ് തീരത്തേക്കെത്തിയ എംവി ഹോണ്ടിയസ് ആഡംബര ക്രൂയിസ് കപ്പലിൽ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ഹന്താവൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം യാത്രക്കാരെയും ജീവനക്കാരെയും 42 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനാണ് വിവിധ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ചതിനുശേഷം കപ്പലിൽ ഹന്താവൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങളും ആറിലധികം സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ കപ്പൽ കേപ് വെർഡെയിൽ നങ്കൂരമിട്ടിരുന്നെങ്കിലും യാത്രക്കാരെ കരയിറക്കാൻ അവിടെ അനുമതി നൽകിയിരുന്നില്ല. പിന്നീട് സ്‌പെയിൻ സർക്കാർ പ്രത്യേക ആരോഗ്യ നിയന്ത്രണങ്ങളോടെ ടെനെറിഫിൽ ഇറങ്ങാൻ അനുമതി നൽകി.
യാത്രക്കാരെ പ്രത്യേക മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷമാണ് വിവിധ രാജ്യങ്ങളിലേക്കുള്ള പ്രത്യേക വിമാനങ്ങളിൽ തിരിച്ചയക്കുന്നത്. അമേരിക്കൻ പൗരന്മാരെ നെബ്രാസ്കയിലെ ദേശീയ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും ഫ്രഞ്ച് പൗരന്മാരെ ആശുപത്രി നിരീക്ഷണത്തിനും മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.
എലികളിലൂടെ പകരുന്ന വൈറസുകളിലെ ഒരു വിഭാഗമാണ് ഹന്താവൈറസ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരൽ അപൂർവമാണെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന 42 ദിവസത്തെ നിരീക്ഷണവും ക്വാറന്റൈനും ശുപാർശ ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് നിലവിൽ വലിയ ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

