തിരുവനന്തപുരം:സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ കാലവർഷക്കെടുതിയിൽ ഇതുവരെ 15 പേർ മരണപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്തുന്നതിനായി ചേർന്ന അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയിൽ പ്രളയക്കെടുതി നേരിടുന്നതിനായി പ്രത്യേക സുരക്ഷാ സന്നാഹം സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. മഴയെത്തുടർന്ന് 165 ഹെക്ടർ കൃഷിനാശമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ജലസംഭരണികളിൽ നിന്ന് ജലം ഒഴുക്കി വിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

