പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി പ്രവർത്തനങ്ങൾ സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നേരിട്ടെത്തി ഏകോപിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തി.
ജില്ലാ മെഡിക്കൽ ഓഫീസറുടെയും അതാത് മെഡിക്കൽ ഓഫീസർമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പുകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ, ഒസൾട്ടാമിവർ, ഒ.ആർ.എസ്, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ എല്ലാ ക്യാമ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുകൾ, കുടിവെള്ള ലഭ്യത, ഭക്ഷണം, ശുചിത്വം എന്നിവയും കൃത്യമായി വിലയിരുത്തി. ക്യാമ്പുകളിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ താലൂക്കുകളിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കൂടുതൽ താലൂക്കുകളിൽ ക്യാമ്പുകൾ തുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങളും എൽ.പി.ജി ഗ്യാസും തടസ്സമില്ലാതെ ഉറപ്പാക്കാൻ മന്ത്രി നിർദേശിച്ചു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവരുടെ ഏകോപനത്തോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കും.
നദീതീരങ്ങളിൽ താമസിക്കുന്നവരെ അപകടസാധ്യത മുന്നിൽ കണ്ട് ക്യാമ്പുകളിലേക്ക് മാറ്റും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ജില്ലയിലെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1076 കുടുംബങ്ങളിലെ 3568 പേർ കഴിയുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ് (47 എണ്ണം). കോഴഞ്ചേരിയിൽ 18-ഉം, മല്ലപ്പള്ളിയിൽ 16-ഉം, റാന്നിയിൽ 9-ഉം, കോന്നിയിൽ 5-ഉം ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
റാന്നി, മല്ലപ്പള്ളി, തിരുവല്ല, കോന്നി താലൂക്കുകളിൽ ചേർന്ന അവലോകന യോഗങ്ങളിൽ എം.എൽ.എമാരായ പഴകുളം മധു, അബിൻ വർക്കി, വർഗീസ് മാമ്മൻ, കെ. യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ എന്നിവരും പങ്കെടുത്തു.

