തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ജനവികാരം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്ന് സംബന്ധിച്ച പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും ഞായറാഴ്ച തീരുമാനമുണ്ടാകാനിടയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നതിൽ ഇത്രയും തിരക്കുപിടിക്കേണ്ട കാര്യമില്ലെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾക്ക് സമയം വേണ്ടിവരുന്നത് സ്വാഭാവികമാണെന്നും മുരളീധരൻ പറഞ്ഞു. ഫ്ലക്സുകളുടെ വലുപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും ജനങ്ങളുടെ വികാരമാണ് ഹൈക്കമാൻഡ് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായി ആരെയായാലും പാർട്ടി തീരുമാനിക്കുന്നുവെങ്കിൽ അത് അംഗീകരിക്കുമെന്നും അന്തിമ പ്രഖ്യാപനത്തിന് ശേഷം താൻ ആരെ പിന്തുണച്ചിരുന്നുവെന്ന് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിനകത്തെ മുഖ്യമന്ത്രി ചർച്ചകൾ ശക്തമായി തുടരുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം.

