റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ അതിർത്തി നഗരമായ ജിസാനിലുള്ള പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിലെ ഹൊദെയ്ദയ്ക്ക് നേരെ സൗദി നടത്തുന്ന വ്യോമാക്രമണങ്ങൾക്കുള്ള പ്രതികാരമായാണ് ഈ നടപടിയെന്ന് ഹൂതി കേന്ദ്രങ്ങൾ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് ജിസാൻ, യാൻബു പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗദി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകുകയും ജിസാനിലേക്കുള്ള വാണിജ്യ വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുകയും ചെയ്തു. എന്നാൽ സ്ഫോടനത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അപകടസാധ്യത പൂർണ്ണമായി ഒഴിഞ്ഞതായും അധികൃതർ അറിയിച്ചു. അതിക്രമിച്ചു കയറിയ ചില മിസൈലുകളും ഡ്രോണുകളും സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി സുരക്ഷാ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ചെങ്കടൽ വഴിയുള്ള സൗദിയുടെ സമുദ്ര വ്യാപാരം തടയുമെന്ന് പ്രഖ്യാപിച്ച ഹൂതികൾ, സൈനിക നീക്കങ്ങൾ തുടർന്നാൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ഏറ്റുമുട്ടൽ മേഖലയിൽ എണ്ണവില വർധിക്കുന്നതിനും പശ്ചിമേഷ്യൻ മേഖലയെ വീണ്ടും കടുത്ത ആശങ്കയിലാക്കുന്നതിനും വഴിവെച്ചിട്ടുണ്ട്.

