ടെഹ്റാൻ: സൗദി അറേബ്യയെ സൈനികമായി സഹായിക്കുന്നതിനോ യെമനിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നതിനോ അമേരിക്ക തയ്യാറായാൽ പശ്ചിമേഷ്യയിലെ യുഎസ് താൽപര്യങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യെമനിലെ ഹൂതി പ്രസ്ഥാനം മുന്നറിയിപ്പ് നൽകി. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ ഉപരോധം നീക്കാനോ അമേരിക്ക ശ്രമിച്ചാലും തിരിച്ചടിക്കുമെന്നാണ് ഹൂതികളുടെ നിലപാട്.
ഹൂതി സൈനിക ഉപദേഷ്ടാവ് അബേദ് മുഹമ്മദ് അൽ-തൗർ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ് സംബന്ധിച്ച വിശദീകരണം നൽകിയത്. സൗദിക്കെതിരായ സൈനിക നടപടികൾക്ക് അമേരിക്ക വ്യോമാക്രമണമോ വ്യോമപിന്തുണയോ നൽകുന്ന സാഹചര്യമുണ്ടായാൽ മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളെ ലക്ഷ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന കടൽപാതയായ ബാബ് അൽ മന്ദബിൽ അമേരിക്ക ഇടപെടുന്നതിനെയും ഹൂതികൾ എതിർത്തിട്ടുണ്ട്. യുഎസ് നാവികസേന ഇടപെടുകയോ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ അത് ‘ചുവപ്പ് രേഖ’യായി കണക്കാക്കുമെന്നും തിരിച്ചടിക്കുമെന്നും ഹൂതി സൈനിക ഉപദേഷ്ടാവ് വ്യക്തമാക്കിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം ജൂലൈ മുതൽ വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. സെപ്റ്റംബർ 19ന് റിയാദിലേക്കുള്ള ബാലിസ്റ്റിക് മിസൈൽ ഹൂതികൾ വിക്ഷേപിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഹൂതികൾ റിയാദിലെ ചില കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെടുകയും ചെയ്തു.
അതേസമയം, സൗദിയെ സംബന്ധിച്ച് അമേരിക്ക നിലവിൽ യാത്രാ മുന്നറിയിപ്പ് തുടരുകയാണ്. ഹൂതികളുടെ ആക്രമണ ഭീഷണിയും മിസൈൽ-ഡ്രോൺ ആക്രമണ സാധ്യതയും ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സൗദിയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാൻ നിർദേശിച്ചിരിക്കുന്നത്.

