റിയാദ്: ജിദ്ദ ഗവർണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളിൽ നടത്തിയ വ്യാപക പരിശോധനകളിൽ പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാൻഡ് ചിഹ്നങ്ങളും പതിച്ച 3,699-ഓളം വ്യാജ വസ്ത്രങ്ങൾ ഫീൽഡ് ടീമുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വ്യാജ വസ്ത്രങ്ങൾ പൂർണ്ണമായും നശിപ്പിക്കുകയും ഇവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ച തയ്യൽ, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവയ്ക്കുള്ള 19 മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അൽ-ജാമിയ മേഖലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ രണ്ട് മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് 1,029 വ്യാജ വസ്ത്രങ്ങൾ കണ്ടെത്തി നശിപ്പിച്ചത്. കൂടാതെ അൽ-അസീസിയ മേഖലയിൽ നിന്ന് 2,670 വസ്ത്രങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു.
അൽ-ജാമിയ, അൽ-അസീസിയ മുൻസിപ്പാലിറ്റി പരിധികളിൽ നടത്തിയ ഈ സംയുക്ത പരിശോധനകളിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവില്‍ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയിലെ ഉദ്യോഗസ്ഥരും ഫീൽഡ് തലത്തിൽ പങ്കെടുത്തു.

