ഇടുക്കി: മൺസൂൺ കാലം അവസാനിക്കാറായിട്ടും ഇടുക്കിയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ ഇത്തവണ സജീവമായില്ല. ജില്ലയിൽ ഇത്തവണ മഴ വൻതോതിൽ കുറഞ്ഞതാണ് മൺസൂൺ കാഴ്ചകൾക്ക് മങ്ങലേൽപ്പിച്ചത്. ഇതോടെ പച്ചപ്പും മഴക്കാഴ്ചകളും ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വൻ ഇടിവുണ്ടായി. ജില്ലയിലെ പ്രധാന ജലാശയങ്ങളിലെല്ലാം മുൻ വർഷങ്ങളെ അപേക്ഷിച്ച് കാര്യമായി ജലനിരപ്പ് ഉയരാത്തതും ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
മൺസൂണിന്റെ തുടക്കത്തിൽ തന്നെ സാധാരണയായി ജലസമൃദ്ധമാകാറുള്ള നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഇത്തവണ ദയനീയ കാഴ്ചയാണുള്ളത്. മുൻവർഷങ്ങളിൽ പാറക്കെട്ടുകൾ മുഴുവൻ മലവെള്ളപ്പാച്ചിലിൽ ഒളിപ്പിച്ച്, വലിയ ഹുങ്കാരശബ്ദത്തോടെ താഴേക്ക് പതിച്ചിരുന്ന ഈ ജലപാതത്തിൽ ഇപ്പോൾ വേനൽക്കാലത്തിന് സമാനമായ നേർത്ത വെള്ളച്ചാട്ടം മാത്രമാണ് കാണാൻ കഴിയുന്നത്.
ടൂറിസത്തിന്റെ ഓഫ് സീസൺ സമയമാണെങ്കിൽ പോലും മഴക്കാഴ്ചകൾ തേടി നിരവധി സഞ്ചാരികൾ മുൻ വർഷങ്ങളിൽ ഇടുക്കിയിലേക്ക് എത്താറുണ്ടായിരുന്നു. പ്രധാനമായും അറബ് രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് മൺസൂൺ ആസ്വദിക്കാൻ ആളുകൾ എത്തിയിരുന്നത്. എന്നാൽ ഇത്തവണ പേരിന് പോലും വിദേശ-ആഭ്യന്തര സഞ്ചാരികൾ എത്തുന്നില്ലെന്ന് വ്യവസായികൾ പറയുന്നു.

