കുടിവെള്ളത്തിൽ ബാക്ടീരിയയുണ്ടോ? സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തും എഐ; പുതിയ സാങ്കേതികവിദ്യയുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: വീടുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം അതിവേഗം പരിശോധിക്കുന്നതിനായി നിർമിതബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതികവിദ്യ അവതരിപ്പിച്ച് ദുബായ് മുൻസിപ്പാലിറ്റി. വെള്ളത്തിൽ ലീജിയോണെല്ല (Legionella), ഇ-കോളി (E.coli) തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്തുന്നതിനാണ് ഈ അത്യാധുനിക സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ദുബായ് സെൻട്രൽ ലബോറട്ടറിയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ശുദ്ധജല സംഭരണികൾ, ടാപ്പുകൾ, സ്വിമ്മിങ് പൂളുകൾ, കുപ്പികളിലല്ലാത്ത മറ്റ് കുടിവെള്ള സ്രോതസ്സുകൾ എന്നിവയിലെല്ലാം ഇനി ഈ പുതിയ സംവിധാനം ഉപയോഗിച്ച് അതിവേഗം പരിശോധന നടത്താനാകും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എഐ സംവിധാനത്തിലൂടെ പരിശോധനാ ഫലം ഡിജിറ്റലായി ലഭിക്കും. ഇത് ജലജന്യ രോഗങ്ങൾ പകരുന്നത് തടയാനും അടിയന്തര സുരക്ഷാ നടപടികൾ സമയബന്ധിതമായി സ്വീകരിക്കാനും ലബോറട്ടറികൾക്ക് ഏറെ സഹായകരമാകും.

ദുബായിലെ ജനങ്ങളുടെ ജീവിതനിലവാരവും പൊതുജനാരോഗ്യ സുരക്ഷയും രാജ്യാന്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. റസിഡൻഷ്യൽ മേഖലയ്ക്ക് പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *