ആൻഡമാൻ തീരത്തിന് സമീപം വൻ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തി; ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷ

ആൻ്റമാൻ കടലിൽ നടത്തിയ പര്യവേക്ഷണ പ്രവർത്തനങ്ങൾക്കിടെ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയതായി പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) അറിയിച്ചു. അന്തമാൻ ഓഫ്‌ഷോർ മേഖലയിലെ ശ്രീ വിജയപുരം–3 എന്ന പര്യവേക്ഷണ കിണറിലാണ് പുതിയ കണ്ടെത്തൽ ഉണ്ടായത്. ഇത് അതേ ബ്ലോക്കിൽ സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ വാതക കണ്ടെത്തലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പൂരി ഈ കണ്ടെത്തൽ അന്തമാൻ കടലിലെ വലിയ ഊർജസാധ്യതകളെ വീണ്ടും ഉറപ്പിക്കുന്നതാണെന്ന് പറഞ്ഞു. ഏകദേശം 355 മീറ്റർ ജലആഴത്തിലുള്ള പ്രദേശത്താണ് വാതക സാന്നിധ്യം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഓയിൽ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കിണറിലാണ് ഈ കണ്ടെത്തൽ ഉണ്ടായത്. ഇതോടെ അന്തമാൻ ബേസിനിൽ ഹൈഡ്രോകാർബൺ സാധ്യതകൾ ശക്തമാണെന്ന വിലയിരുത്തലിന് കൂടുതൽ ബലം ലഭിച്ചു.

കണ്ടെത്തിയ വാതകത്തിന്റെ ഗുണനിലവാരവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം സാധ്യമാണോ എന്നതും സംബന്ധിച്ച കൂടുതൽ പഠനങ്ങൾ കമ്പനി നടത്തും. ഇന്ത്യ ഇപ്പോൾ ആവശ്യമായ എണ്ണയും വാതകവും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നതിനാൽ, അന്തമാൻ മേഖലയിലെ ഇത്തരം കണ്ടെത്തലുകൾ ഭാവിയിൽ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന പ്രതീക്ഷ സർക്കാർ വൃത്തങ്ങൾ പ്രകടിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ തീരപ്രദേശങ്ങളിലെ മറ്റ് ഓഫ്‌ഷോർ ബേസിനുകളിലും പര്യവേക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *