ഗ്വാഡലജാരയിൽ പെലെയുടെ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തു

പെലെയുടെ കൂറ്റൻ പ്രതിമ മെക്സിക്കൻ നഗരമായ ഗ്വാദലജാറയിൽ അനാച്ഛാദനം ചെയ്തു. 1970ലെ ലോകകപ്പിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ഫുട്ബോൾ ഇതിഹാസത്തിന് ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.

31 അടി (9.5 മീറ്റർ) ഉയരമുള്ള വെങ്കല പ്രതിമ എസ്റ്റാഡിയോ ജാലിസ്‌കോ സ്റ്റേഡിയത്തിന് പുറത്തുള്ള പ്ലാസ ബ്രസീലിൽ സ്ഥാപിച്ചു. 1970 ലോകകപ്പിനിടെ ബ്രസീലിന്റെ പ്രധാന മത്സരങ്ങൾക്ക് വേദിയായിരുന്ന സ്റ്റേഡിയമാണിത്.

മെക്സിക്കൻ കലാകാരനായ അലേഹാൻഡ്രോ വെലാസ്കോ രൂപകൽപ്പന ചെയ്ത “ലാ കനറീന” എന്ന പ്രതിമയിൽ, 1970 ലോകകപ്പ് വിജയാഘോഷിക്കുന്ന പെലെയെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിമ സ്ഥാപിക്കാൻ വൻ ക്രെയിൻ ഉപയോഗിച്ച ദൃശ്യങ്ങൾ ആരാധകരുടെ ശ്രദ്ധ നേടി.

2022ൽ 82-ാം വയസ്സിൽ അന്തരിച്ച പെലെ, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. മൂന്ന് ലോകകപ്പ് കിരീടങ്ങൾ നേടിയ ഏക താരമെന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *